Kerala
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രോഗി കുടുങ്ങിക്കിടന്ന സംഭവത്തിൽ നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ. രണ്ട് ദിവസം ലിഫ്റ്റിൽ കുടുങ്ങിയ പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസിന്റേതാണ് ഉത്തരവ്. രണ്ടുമാസത്തിനുള്ളിൽ തുക കൈമാറണമെന്നും ഉത്തരവിലുണ്ട്. അതേസമയം ലിഫ്റ്റിന്റെ സർവീസ് നടത്തുന്ന കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കാനും സർക്കാരിനോടു കമ്മീഷൻ നിർദേശിച്ചു.
2025 ജൂലൈ 13-നായിരുന്നു സംഭവം. നടുവേദനയുടെ ചികിത്സയ്ക്കായി എത്തിയതായിരുന്നു രവീന്ദ്രൻ നായർ. ഇതിനിടെയാണ് ലിഫ്റ്റിൽ കുടുങ്ങിയത്. രണ്ടു ദിവസം ലിഫ്റ്റിൽ കുടുങ്ങിക്കിടന്നശേഷം അടുത്ത ദിവസം ലിഫ്റ്റ് ഓപ്പറേറ്റർ എത്തിയപ്പോഴാണ് ആൾ കുടുങ്ങിയ കാര്യം പുറത്തറിഞ്ഞത്.
തകരാറിലായ ലിഫ്റ്റ് പൂട്ടുകയോ അപായ ബോർഡ് സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല. ഇതാണ് രവീന്ദ്രൻ നായർ ലിഫ്റ്റിൽ കയറാൻ കാരണയായത്. ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കാനുള്ള ഉത്തരവാദിത്തം ആശുപത്രിക്കുണ്ടെന്നും ഇതിൽ വീഴ്ച സംഭവിച്ചതായും മനുഷ്യാവകാശ കമ്മീഷൻ കണ്ടെത്തി.
രവീന്ദ്രൻ നായരുടെ ജീവൻ അപകടത്തിലാവുമായിരുന്നെന്നും ഭാഗ്യം കൊണ്ടു മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്. അതിനാൽ നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യം ന്യായമാണെന്നും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.
Kerala
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പയ്യോളി തുറയൂർ ചൂരക്കാട് വയൽ നെടുങ്കുനി താഴത്ത് സരസു (58) ആണ് മരിച്ചത്.
ഒരു മാസമായി സരസു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: ചന്ദ്രൻ. മകൻ: നിധിൻ. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് സ്വദേശിയായ ഒരാളടക്കം രണ്ടു പേർ കൂടി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്.
17 പേരാണ് ഇതുവരെ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിൽ ആറു പേർ മരണത്തിന് കീഴടങ്ങി.
Kerala
തിരുവനന്തപുരം: മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ മിന്നൽ സന്ദര്‍ശനം നടത്തി. എമര്‍ജന്‍സി മെഡിസിന് വിഭാഗം, ഐസിയുകള്‍, ന്യൂറോ കാത്ത് ലാബ്, മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക്, നൂക്ലിയര്‍ മെഡിസിന് വിഭാഗം, സിടി സ്കാന്‍, വാര്‍ഡുകൾ തുടങ്ങിയ സ്ഥലങ്ങളിൽ മന്ത്രി സന്ദര്‍ശനം നടത്തി.
ജീവനക്കാരുമായും രോഗികളുമായും അവരുടെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു. ട്രെയിനില്‍ നിന്നും അക്രമി തള്ളിയിട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ശ്രീക്കുട്ടിയേയും മന്ത്രി സന്ദർശിച്ചു. തുടർന്ന് ശ്രീക്കുട്ടിയുടെ ബന്ധുക്കളുമായി മന്ത്രി ചർച്ചയും നടത്തി.
ശ്രീകുട്ടിയുടെ ചികിത്സാ വിവരങ്ങള്‍ ഡോക്ടര്‍മാരുമായി സംസാരിച്ചശേഷമാണ് മന്ത്രി മടങ്ങിയത്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
Kerala
കോഴിക്കോട് : സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഇന്നും ഗവൺമെന്റ് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുന്നു. പിജി വിദ്യാർഥികളും ഹൗസ് സർജന്മാരും മാത്രമേ ഇന്ന് ഒപിയിൽ ഉണ്ടാകൂ.
ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കെജിഎംസിടിഎ ഡോക്ടർമാരുടെ റിലേ ഒപി ബഹിഷ്കരണ സമരം. കഴിഞ്ഞമാസം 20 നും 28നും സമരം നടത്തിയിരുന്നു.
നാലു വർഷം വൈകി നടപ്പിലാക്കിയ, 10 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ശമ്പള പരിഷ്കരണം മൂലം നഷ്ടപ്പെട്ട ശമ്പള-ക്ഷാമബത്ത കുടിശിക നൽകുക, പ്രവേശന തസ്തിക ആയ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലെ ശമ്പളനിർണയ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരെ നിയമിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്.
District News
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിലെ ഇന്റേണൽ റോഡ് നവീകരണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമായി. ആശുപത്രിയിലെത്തുന്ന രോഗികൾ ചികിത്സ കഴിഞ്ഞ് തിരികേ വീട്ടിലെത്തുന്നത് കൂടുതൽ ദുരിതത്തിലൂടെയാണ്. നിർധനരായ ഡയാലിസിസ് രോഗികൾ കൂടുതലായും ആശ്രയിക്കുന്നത് ഇടുക്കി മെഡിക്കൽ കോളജിലെ ഡയാലിസിസ് യൂണിറ്റിനെയാണ്. ഇവരിൽ പലരും പരസഹായമില്ലാതെ നടക്കാൻപോലും ആവാത്തസ്ഥിതിയിലുള്ളവരുമാണ്.
ഓട്ടോറിക്ഷ വിളിച്ചാണ് അധികം പേരും ഡയാലിസിനെത്തുന്നത്. ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്കുള്ള വഴിയാണ് ഏറെ ദുർഘടമായിരിക്കുന്നത്. ജില്ലാ ആശുപത്രി കെട്ടിടത്തിന് സമീപത്തുകൂടി പോകുന്ന റോഡ് തകർന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. ആശുപത്രി ഓഫീസിന് മുന്നിലൂടെ കടന്നുപോകുന്ന ഈ റോഡ് തകർന്ന് വെള്ളം കെട്ടിക്കിടക്കുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരായ രോഗികളുടെയും ആശുപത്രി ജീവനക്കാരുടെയും ദേഹത്ത് ചെളിവെള്ളം തെറിക്കുന്നത് നിത്യസംഭവമാണ്.
രോഗികളുമായി വരുന്ന ഓട്ടോറിക്ഷകളും കാറുകളും ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്. അമ്മത്തൊട്ടിൽ, നഴ്സിംഗ് കോളജ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസ്, ഡോക്ടർമാരുടെയും ജീവനക്കാരുടെയും ക്വാർട്ടേഴ്സുകൾ തുടങ്ങിയിടത്തേക്കെല്ലാം പോകാനുള്ള ഏക മാർഗമാണ് തകർന്നുകിടക്കുന്നത്. അടിയന്തരമായി റോഡ് നവീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് രോഗികളുടെയും വിദ്യാർഥികളുടെയും ആശുപത്രി ജീവനക്കാരുടെയും ആവശ്യം.
Kerala
അമ്പലപ്പുഴ: ഷുഗർ ബാധിതയായ വീട്ടമ്മയുടെ കാൽവിരലുകൾ മുറിച്ചുമാറ്റി. സമ്മതപത്രം വാങ്ങാതെയാണ് വിരലുകൾ മുറിച്ചതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണസംഘത്തെ നിയോഗിച്ചു.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡ് മുഖപ്പിൽ വീട്ടിൽ സീനത്തിന്റെ വലതുകാലിലെ രണ്ടു വിരലുകളാണ് മുറിച്ചുമാറ്റിയത്. ഷുഗർ ബാധിതയായ ഇവരുടെ കാലിൽ ആണി തറച്ച് പരിക്കേറ്റിരുന്നു. പിന്നീട് മറ്റ് ആശുപത്രികളിൽ ചികിത്സതേടിയെങ്കിലും രോഗം ഗുരുതരമായതോടെ കഴിഞ്ഞ 27ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച കാൽ ഡ്രസിംഗിനായി കൊണ്ടുവന്നപ്പോൾ കാൽവിരലുകൾ മുറിച്ചുമാറ്റിയത് മകൻ സിയാദിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് സംഭവം വിവാദമായത്. തങ്ങളുടെ സമ്മതപത്രം തേടാതെയാണ് ഡോക്ടർമാർ കാൽവിരലുകൾ മുറിച്ചുമാറ്റിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്നംഗസംഘത്തെ നിയോഗിച്ചു.
എന്നാൽ, രോഗം ഗുരുതരമായ സീനത്തിന്റെ കാൽമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ട സ്ഥിതിയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. വിരലുകൾ മുറിച്ചുമാറ്റേണ്ടിവരുമെന്ന് നേരത്തെ ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവിനോട് പറഞ്ഞിരുന്നതായും ഡോക്ടർമാർ അറിയിച്ചു.
Kerala
മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയകൾ പുനരാരംഭിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ മുടങ്ങിക്കിടന്ന ശസ്ത്രക്രിയകൾ ഉപകരണങ്ങൾ എത്തിയതോടെ ഇന്നലെ പുനരാരംഭിച്ചു. ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ഉപകരണങ്ങൾ ലഭിക്കാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ ഏറെ വിവാദമായിരുന്നു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ഹൈദരാബാദിൽനിന്നു വിമാനമാർഗം ഇന്നലെ രാവിലെയോടെ എത്തിച്ചതിനു ശേഷമാണ് ശസ്ത്രക്രിയകൾ പുനരാരംഭിക്കാനായത്.
ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങളാണു ഹൈദരാബാദിൽനിന്ന് ഇന്നലെ എത്തിച്ചത്. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ക്ഷാമം മൂലം രോഗികൾ അനുഭവിക്കുന്ന ദുരിതം വെളിപ്പെടുത്തി ശനിയാഴ്ചയാണ് ഡോ. ഹാരിസ് സമൂഹമാധ്യമത്തിൽ കുറിപ്പെഴുതിയത്. ഇതു വിവാദമായതോടെ വിഷയം പരിശോധിക്കാൻ സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചു.അന്വേഷണ സമിതിയുടെ പരിശോധനയിലും ഉപകരണങ്ങളുടെ പോരായ്മ കണ്ടെത്തിയിരുന്നു. ഉപകരണങ്ങൾ വാങ്ങുന്നതിന് മെഡിക്കൽ കോളജുകളിലെ സൂപ്രണ്ടുമാർക്കുള്ള അധികാരം പരിമിതമാണെന്നും ഇതു കാലോചിതമായി മാറ്റി നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നും സമിതി നിർദേശിച്ചു.
മെഡിക്കൽ കോളജ് ആശുപത്രിയിലെ അധ്യാപകരുടെ പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിൽ സർക്കാർ അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ചു കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജിഎംസിടിഎ) നേതൃത്വത്തിൽ ഇന്നലെ പ്രതിഷേധ പരിപാടികൾ ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്നു.
ഡോ. ഹാരിസിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി
കണ്ണൂർ: തിരുവനന്തപുരം മെഡിക്കൾ കോളജിലെ പ്രശ്നങ്ങൾ പുറം ലോകത്തെ അറിയിച്ച് ഡോ. ഹാരിസ് ഹസനെ പേരെടുത്തു പറയാതെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കണ്ണൂരിൽ നടന്ന നാലു ജില്ലകളുടെ അവലോകന യോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെയുടെ വിമർശനം.
തിരുവനന്തപുരം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടുവന്ന വാർത്തയിലെ വ്യക്തി തെറ്റായ ഒരാളാണെന്ന് ആരും പറയുന്നില്ല. നല്ല അർപ്പണബോധത്തോടെ ജോലി ചെയ്യുന്ന, അഴിമതി തീണ്ടാത്ത ആത്മാർഥതയോടെ ജോലി എടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥനാണ്. എന്നാൽ അദ്ദേഹത്തിന്റെ പ്രവർത്തനം ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിച്ചതിന് കാരണമായി. ഒരതൃപ്തി ഉണ്ടായാൽതന്നെ, അത് കേരളത്തെ വലിയ തോതിൽ താറടിച്ചുകാണിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികൾക്ക് ഉപയോഗിക്കാൻ കഴിയുംവിധം പുറത്തുവിടുന്നത് ശരിയായ രീതിയല്ല.
ഇത്തരം നിലപാടുകൾ സർക്കാർ നടത്തുന്ന നല്ല പ്രവർത്തനങ്ങളെയെല്ലാം തെറ്റായി ചിത്രീകരിക്കുന്നതിന് ഇടയാക്കും. എല്ലാ കാര്യവും പൂർണമായിരിക്കും എന്ന് ആർക്കും പറയാൻ കഴിയില്ല. നമ്മുടെ മെഡിക്കൽ കോളജുകളിൽ അതിസങ്കീർണമായ ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. ആ ശസ്ത്രക്രിയകൾക്കാവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആ ശസ്ത്രക്രിയയ്ക്ക് വേണ്ട ഉപകരണങ്ങളിൽ ചിലപ്പോൾ ചിലത് ഇല്ലാത്ത സ്ഥിതിയുണ്ടാകാം. അത് എല്ലാക്കാലത്തും ഉള്ള നിലയല്ല. വളരെ വേഗം തന്നെ അത്തരം ഉപകരണങ്ങൾ വാങ്ങി നൽകാറുണ്ട്. അദ്ദേഹം ഉന്നയിച്ച പ്രശ്നത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടുണ്ട്. ഏതെങ്കിലും ഒരു വിഷയത്തിന്റെ പേരിൽ സർക്കാർ നടത്തുന്ന നല്ല പ്രവർത്തനങ്ങളെ കൂടി താറടിക്കുന്ന രീതിയിൽ കാര്യങ്ങളെത്തിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.